ഞാനെന്ന കുട്ടി
പ്രിയപ്പെട്ട ഒരുപാട് സൗഹൃദങ്ങൾ. അക്ബർക്കയും ഷമീർക്കയും ലത്തീഫും, നിയാസും, ഇർഷാദും തുടങ്ങി കണക്കിലേറെ അടുത്ത സുഹൃത്തുക്കൾ. ദമ്മാമിലെ സാമൂഹിക സാംസ്കാരിക രംഗത്തെ ചെറിയ ചെറിയ സാമൂഹിക പ്രവർത്തനങ്ങളിൽ ഒരുപാട് പേരുടെ കണ്ണീരൊപ്പാൻ സാധിച്ചു. പ്രിയപ്പെട്ട ഒരുപാട് സുഹൃത്തുക്കളെ ഈ വഴിക്കും സ്വന്തമായി എല്ലാവരിലും സർവ്വശക്തനായ അല്ലാഹുവിന്റെ പ്രതിഫലം മാത്രമാണ് പ്രദീക്ഷ.
ഇന്നിവിടെ മദീനയിൽ നിൽക്കുമ്പോഴും ജന്മനാടുപോലെ മറക്കാൻ പറ്റാത്ത ദമ്മാമിലെ ഒരുപാട് ഓർമ്മകൾ. അനിയനെ പ്പോലെ സ്വന്തം വീട്ടിൽ എല്ലാ സ്വാതന്ത്ര്യവും തന്ന് തന്നിഷ്ടത്തിന് വിട്ട പ്രിയപ്പെട്ട കഫീൽ അബ്ദുള്ളയും ഇടക്കുള്ള ഫോൺ കോളുകളിൽ ബന്ധങ്ങൾ ശക്തിയോടെ തുടരുന്നു.കൊറോണയോടെ നിന്നുപോയ ചെറിയ സംരംഭങ്ങൾ, കാലമെറെ പിന്നിടുമ്പോൾ ഇടക്കൊക്കെ ഒരുപിടി ഓർമകളെ ഓർത്തെടുക്കുന്നത് ഒരുവല്ലാത്ത രസമല്ലേ..?
കാലം പഠിപ്പിച്ച ഒരുപാട് പാഠങ്ങൾ, ജീവിക്കാൻ വേണ്ടി പ്രവാസലോകത്തേക്ക് വന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രിയപ്പെട്ടവർ, ഇന്നിപ്പോൾ കൂടുതൽ ഇടപഴക്കുന്ന ബംഗാളികൾ യമനികൾ മശ്രികൾ സൂക്കിലെ കച്ചവടത്തോടൊപ്പം പരസ്പരം സഹായിച്ചും സഹകരിച്ചും ഒരുപാട് നല്ല മനുഷ്യർ.
ഇതിനിടക്ക് മരണപ്പെട്ട ചിലരും ആരും അത്രക്ക് പെട്ടെന്ന് മറന്നേക്കാവുന്ന മുഖങ്ങളല്ല മിസ്രിയായ ഹംസ മരണപ്പെടുന്നതിന് തലേദിവസം തമാശ പറഞ്ഞതും കെട്ടിപ്പിടിച്ചതും സലാം പറഞ്ഞ് പിരിഞ്ഞതും എല്ലാം ഇന്നും കണ്ണിൽ നിറഞ്ഞു നിൽക്കുന്ന കാഴ്ചകളാണ്. വരവുകളെക്കാൾ ചിലവുകളുള്ള പ്രവാസിക്ക് കൈത്താങായി ഉള്ളത് സ്വന്തം നാട് വിട്ട് കടല് കടന്ന പ്രവാസികൾതന്നെ.
പ്രിയപ്പെട്ടവരെ വിട്ട് ഇവിടെ ഇങ്ങനെ ജീവിച്ചു പോകുമ്പോൾ ഇടക്കൊക്കെ നാട്ടിലെ നഷ്ടപ്പെടുന്ന നമ്മുടെ സാന്നിധ്യം ഉണ്ടാവേണ്ട പലകാര്യങ്ങളും ഓർക്കാതെ മറന്ന് കളയുന്നു. എങ്കിലും കാലം മറന്നിടാത്ത മറക്കാൻ അനുവദിക്കാത്ത ചില ഓർമ്മകൾ അങ്ങനെയും ഇടക്കൊക്കെ മനസ്സിനെ വല്ലാതെ പിടിച്ചുലക്കുന്നുണ്ട്...
ഇങ്ങനെ കുറെ മരിക്കാത്ത ഓർമ്മകളെ മനസിനോട് തട്ടി നോക്കിക്കൊണ്ട് കുശലം പറയുമ്പോഴാണ് പാസ്സ്പോർട്ട് എക്സ്പൈറായ കാര്യവും വയസ്സ് കൂടി ഞാനെന്ന കുട്ടി വയസ്സനായ കാര്യവും HR മാനേജർ വിളിച്ചറിയിക്കുന്നത് 😜😜😜
റാഫി റിപ്പൺ
